കരിങ്കുന്നം ഗ്രാമപഞ്ചായത്തിന്‍റെ ഭൂമിശാസ്ത്രം
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില്‍, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍, കരിങ്കുന്നം വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് കരിങ്കുന്നം ഗ്രാമപഞ്ചായത്ത്. 22.67 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് തൊടുപുഴ മുനിസിപ്പാലിറ്റി, തെക്ക് കോട്ടയം ജില്ല, കിഴക്ക് മുട്ടം ഗ്രാമപഞ്ചായത്ത്, പടിഞ്ഞാറ് പുറപ്പുഴ ഗ്രാമപഞ്ചായത്ത് എന്നിവയാണ്. ഇടുക്കി ജില്ലയുടെ പടിഞ്ഞാറു ഭാഗത്തുളള തൊടുപുഴ താലൂക്കിന്റെ തെക്കെ അറ്റത്ത് കോട്ടയം ജില്ലയോടു ചേര്‍ന്ന് കിടക്കുന്ന ഈ പഞ്ചായത്ത് ഒരു കാലത്ത് വന്യജീവികളുടെ ആവാസകേന്ദ്രമായിരുന്നു. പതിറ്റാണ്ടുകള്‍ക്കു മുമ്പുണ്ടായിരുന്ന കരിങ്കുന്നം ഗ്രാമം ഇപ്പോള്‍ ഒരു പരിഷ്കൃത പട്ടണമാണ്. ഒരു കാലത്ത് വന്യജീവികളുടെ ആവാസകേന്ദ്രമായിരുന്ന ഇല്ലചാരി, നെല്ലാപ്പറ എന്നീ ഘോരവനങ്ങള്‍ ഇന്ന് ജനവാസമുള്ള കുടിയേറ്റ പ്രദേശങ്ങളാണ്. നിബിഡവനങ്ങള്‍ ഇപ്പോള്‍ ഈ പഞ്ചായത്തിലില്ല. പൊതുവെ ചരല്‍ കലര്‍ന്ന മണ്ണാണ് കാണപ്പെടുന്നത്. കിഴക്കുഭാഗത്ത് തൊടുപുഴയാറ് തൊട്ടുരുമ്മി ഒഴുകുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ ധാരാളം നെല്‍വയലുകള്‍ ഉണ്ടായിരുന്നെങ്കിലും ഇന്നതിന്റെ വിസ്തീര്‍ണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. വൈവിധ്യ സംസ്കാരത്തിന്റെ സംഗമഭൂമിയാണ് കരിങ്കുന്നം പഞ്ചായത്ത്. ഹിന്ദുമത വിശ്വാസികളും ക്രൈസ്തവരും മുസ്ലീങ്ങളും ഈ പഞ്ചായത്തില്‍ പാര്‍ക്കുന്നു. മതപരമോ ജാതിപരമോ ആയ യാതൊരു വ്യത്യാസവുമില്ലാതെ വളരെ സഹകരണ മനോഭാവത്തോടെ ഇവിടെ വസിക്കുന്നു. മതപരമായ ചടങ്ങുകളില്‍ പരസ്പരം സഹകരിക്കുന്ന ഒരു ജനതയാണിവിടെയുള്ളത്. മലയോടും കാട്ടുമൃഗങ്ങളോടും പ്രകൃതിയോടും മല്ലടിച്ച് നെല്ലെറിഞ്ഞ ആദ്യകാല കര്‍ഷകര്‍ പിന്നീട് ഇഞ്ചി, കപ്പ, മഞ്ഞള്‍, നടുതലകള്‍ എന്നിവയും ദീര്‍ഘകാലവിളകളായ തെങ്ങും, കവുങ്ങും നട്ടുപിടിപ്പിച്ചു.