ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില്‍, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍, കരിങ്കുന്നം വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് കരിങ്കുന്നം ഗ്രാമപഞ്ചായത്ത്. 22.67 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് തൊടുപുഴ മുനിസിപ്പാലിറ്റി, തെക്ക് കോട്ടയം ജില്ല, കിഴക്ക് മുട്ടം ഗ്രാമപഞ്ചായത്ത്, പടിഞ്ഞാറ് പുറപ്പുഴ ഗ്രാമപഞ്ചായത്ത് എന്നിവയാണ്. ഇടുക്കി ജില്ലയുടെ പടിഞ്ഞാറു ഭാഗത്തുളള തൊടുപുഴ താലൂക്കിന്റെ തെക്കെ അറ്റത്ത് കോട്ടയം ജില്ലയോടു ചേര്‍ന്ന് കിടക്കുന്ന ഈ പഞ്ചായത്ത് ഒരു കാലത്ത് വന്യജീവികളുടെ ആവാസകേന്ദ്രമായിരുന്നു. പതിറ്റാണ്ടുകള്‍ക്കു മുമ്പുണ്ടായിരുന്ന കരിങ്കുന്നം ഗ്രാമം ഇപ്പോള്‍ ഒരു പരിഷ്കൃത പട്ടണമാണ്. ഒരു കാലത്ത് വന്യജീവികളുടെ ആവാസകേന്ദ്രമായിരുന്ന ഇല്ലചാരി, നെല്ലാപ്പറ എന്നീ ഘോരവനങ്ങള്‍ ഇന്ന് ജനവാസമുള്ള കുടിയേറ്റ പ്രദേശങ്ങളാണ്. നിബിഡവനങ്ങള്‍ ഇപ്പോള്‍ ഈ പഞ്ചായത്തിലില്ല. പൊതുവെ ചരല്‍ കലര്‍ന്ന മണ്ണാണ് കാണപ്പെടുന്നത്. കിഴക്കുഭാഗത്ത് തൊടുപുഴയാറ് തൊട്ടുരുമ്മി ഒഴുകുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ ധാരാളം നെല്‍വയലുകള്‍ ഉണ്ടായിരുന്നെങ്കിലും ഇന്നതിന്റെ വിസ്തീര്‍ണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. വൈവിധ്യ സംസ്കാരത്തിന്റെ സംഗമഭൂമിയാണ് കരിങ്കുന്നം പഞ്ചായത്ത്. ഹിന്ദുമത വിശ്വാസികളും ക്രൈസ്തവരും മുസ്ലീങ്ങളും ഈ പഞ്ചായത്തില്‍ പാര്‍ക്കുന്നു. മതപരമോ ജാതിപരമോ ആയ യാതൊരു വ്യത്യാസവുമില്ലാതെ വളരെ സഹകരണ മനോഭാവത്തോടെ ഇവിടെ വസിക്കുന്നു. മതപരമായ ചടങ്ങുകളില്‍ പരസ്പരം സഹകരിക്കുന്ന ഒരു ജനതയാണിവിടെയുള്ളത്. മലയോടും കാട്ടുമൃഗങ്ങളോടും പ്രകൃതിയോടും മല്ലടിച്ച് നെല്ലെറിഞ്ഞ ആദ്യകാല കര്‍ഷകര്‍ പിന്നീട് ഇഞ്ചി, കപ്പ, മഞ്ഞള്‍, നടുതലകള്‍ എന്നിവയും ദീര്‍ഘകാലവിളകളായ തെങ്ങും, കവുങ്ങും നട്ടുപിടിപ്പിച്ചു. 1947 നാണ് ഈ നാടിന്റെ വികസനത്തെ മുന്‍നിര്‍ത്തി കരിങ്കുന്നത്ത് ഒരു ഗ്രാമോദ്ധാരണ സമിതി രൂപീകരിക്കാന്‍ തിരുവിതാംകൂര്‍ രജിസ്ട്രാര്‍ അസംബ്ളി തീരുമാനമെടുത്തത്. കരിങ്കുന്നം ഗ്രാമോദ്ധാരണ കേന്ദ്രത്തിന്റെ ആദ്യപ്രസിഡന്റായി ജോസഫ് ചാഴികാടന്‍ എം.എല്‍.എ യേയും കമ്മിറ്റി അംഗങ്ങളായി 6 പേരെയും തെരഞ്ഞെടുത്തു.

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില്‍ തൊടുപുഴ ബ്ലോക്കിലാണ് കരിങ്കുന്നം പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1949 ജനുവരിയില്‍ രൂപീകൃതമായ ഈ പഞ്ചായത്തിന് 22.67 ച.കി.മീ വ്സ്തൃതിയുണ്ട്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് തൊടുപുഴ മുനിസിപ്പാലിറ്റി, തെക്ക് കോട്ടയം ജില്ല, കിഴക്ക് മുട്ടം ഗ്രാമപഞ്ചായത്ത്, പടിഞ്ഞാറ് പുറപ്പുഴ ഗ്രാമപഞ്ചായത്ത് എന്നിവയാണ്. 12094 വരുന്ന മൊത്തം ജനസംഖ്യയില്‍ 6234 പുരുഷന്‍മാരും 5860 സ്ത്രീകളും ഉള്‍പ്പെടുന്ന ഈ പഞ്ചായത്തിലെ സാക്ഷരത 94% ആണ്. നിരവധി പൊതുകിണറുകളും പൊതുകുടിവെളള ടാപ്പുകളും പഞ്ചായത്തുനിവാസികള്‍ ശുദ്ധജലത്തിനായി ആശ്രയിക്കുന്നു. ഉറവപ്പാറ, മറ്റത്തിപ്പാറ, ഇല്ലിചാരി എന്നിവ വിനോദസഞ്ചാരികളെ ആശ്രയിക്കുന്ന ഇടങ്ങളാണ്. പഞ്ചായത്തിലെ പൊതുവിതരണ മേഖലയില്‍  റേഷന്‍ കടകളും  മാവേലിസ്റ്റോറും പ്രവര്‍ത്തിക്കുന്നു. പഞ്ചായത്തിലെ വീഥികള്‍ രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുന്നതിനായി തെരുവുവിളക്കുള്‍ പഞ്ചായത്തില്‍ അങ്ങിങ്ങായി സ്ഥാപിച്ചിട്ടുണ്ട്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന കരിങ്കുന്നം പഞ്ചായത്തിലെ ബഹുഭൂരിപക്ഷം പ്രദേശങ്ങളും ചെറുതും വലുതുമായ കുന്നുകളാല്‍ നിബിഢമാണ്. ഈ പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളുടേയും ജീവിതോപാധി കൃഷിയായിരുന്നു. ഇന്ന് മരച്ചീനി, നെല്ല്, പൈനാപ്പിള്‍, വാഴ എന്നീ ഭക്ഷ്യവിളകളും റബ്ബര്‍, കാപ്പി, കുരുമുളക്, കൊക്കോ, കവുങ്ങ് തുടങ്ങിയ നാണ്യവിളകളും കൃഷി ചെയ്തുവരുന്നു. ഇല്ലിചാരിമല, ഇടപ്രാംകുന്ന്, മാറ്റാട്ടിപ്പാറ, മറ്റത്തിപ്പാറ, മണിയാക്കാംപാറ, നെല്ലാപ്പാറ, വെളിമറ്റംപാറ, പൂക്കുമ്പേപാറ, ഉറവപ്പാറ എന്നീ കുന്നുകളും മലകളും ചേര്‍ന്നതാണ് ഈ പ്രദേശം. തൊടുപുഴയാര്‍ ഈ പഞ്ചായത്തില്‍ കൂടി ഒഴുകുന്നു. മൂവാറ്റുപുഴ വാല്യൂ ഇറിഗേഷന്‍ പ്രോജക്ടിന്റെ മലങ്കര കനാല്‍ എന്നറിയപ്പെടുന്ന കനാല്‍ പഞ്ചായത്തിലെ ജലസേചനോപാധിയാണ്. ഇതുകൂടാതെ പൊതുകുളങ്ങളും ഈ പഞ്ചായത്തിലുണ്ട്. ഈ ജലസ്രോതസ്സുകള്‍ വേണ്ടവിധം പരിപാലിച്ച് ഉപയോഗപ്പെടുത്തുന്നത് കാര്‍ഷികമേഖലയുടെ നിലനില്‍പ്പിനും പുരോഗതിയ്ക്കും അത്യാവശ്യമാണ്. എടുത്തുപറയത്തക്ക വന്‍കിട വ്യവസായങ്ങള്‍ ഈ പഞ്ചായത്തിലില്ലായെങ്കിലും ഹോളോബ്രിക്സ്, പ്ലൈവുഡ് തുടങ്ങിയ ചെറുകിട വ്യവസായങ്ങള്‍ ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു. കൂടാതെ വിനോദ സഞ്ചാരത്തിന് ഉതകുന്ന പ്രദേശമായതിനാല്‍ റിസോര്‍ട്ട് ടൂറിസവം വളര്‍ച്ച പ്രാപിക്കുന്നു. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ഒരു പെട്രോള്‍ ബങ്ക് പഞ്ചായത്തില്‍ നിലകൊള്ളുന്നു. കാര്‍ഷികമേഖലയായ ഈ പഞ്ചായത്തില്‍ കാര്‍ഷികവിളകളെ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങള്‍ക്കാണ് ഏറെ സാധ്യതയുള്ളത്. വിദ്യാഭ്യാസമേഖലയില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു പഞ്ചായത്താണ് കരിങ്കുന്നം പഞ്ചായത്ത്. സ്വകാര്യമേഖലയില്‍ ഒരു ഹയര്‍സെക്കണ്ടറി സ്കൂളും ഒരു യു.പി.സ്കൂളും രണ്ട് എല്‍.പി.സ്കൂളുകളും പ്രവര്‍ത്തിച്ചുവരുന്നു. സര്‍ക്കാര്‍ മേഖലയില്‍ ഒരു എല്‍.പി.സ്കൂള്‍ കരിങ്കുന്നത്ത് സ്ഥിതി ചെയ്യുന്നു. മൃഗസംരക്ഷണത്തിനായി മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു മൃഗാശുപത്രി കരിങ്കുന്നത്ത് സ്ഥിതി ചെയ്യുന്നു. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ബാങ്കുകള്‍ ഇടുക്കി ജില്ലാ സഹകരണ ബാങ്ക്, കരിങ്കുന്നം സര്‍വ്വീസ് സഹകരണ ബാങ്ക്, സൌത്ത് മലബാര്‍ ഗ്രാമീണ ബാങ്ക് കരിങ്കുന്നം എന്നിവയാണ്. ദേശസാല്‍കൃത ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ ഒരു ശാഖ കരിങ്കുന്നത്ത് പ്രവര്‍ത്തിച്ചുവരുന്നു. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു ബാങ്കുകളും ഈ പഞ്ചായത്തില്‍ നിലവില്‍ ഉണ്ട്. ഒരു പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളും മൂന്ന് സ്വകാര്യ കല്യാണമണ്ഡപങ്ങളും ഈ പഞ്ചായത്തില്‍ സ്ഥാപിതമാണ്. വൈദ്യുതിബോര്‍ഡിന്റെ ഓഫീസും, വാട്ടര്‍ അതോറിറ്റിയുടെ കാര്യാലയവും തൊടുപുഴയില്‍ സ്ഥിതിചെയ്യുന്നു. മാടപ്പറമ്പില്‍ റിസോര്‍ട്ട് ആണ് പ്രധാന സ്വകാര്യസ്ഥാപനം. വില്ലേജ് ഓഫീസ്, കൃഷിഭവന്‍, പോലീസ് സ്റ്റേഷന്‍ എന്നിവ കരിങ്കുന്നത്ത് പ്രവര്‍ത്തിക്കുന്നു. കൂടാതെ ഒരു ടെലിഫോണ്‍ എക്സ്ചേഞ്ചും നിലവില്‍ ഉണ്ട്. പുനലൂര്‍-മൂവാറ്റുപുഴ, തൊടുപുഴ-പുളിയന്‍മല എന്നീ സംസ്ഥാനപാതകള്‍ ഈ പഞ്ചായത്തില്‍ കൂടി കടന്നുപോകുന്നു. പഞ്ചായത്തു റോഡുകള്‍ യാത്രാസൌകര്യം ലഭ്യമാക്കുന്നുണ്ടെങ്കിലും പഞ്ചായത്തിലെ വികസനപദ്ധതികള്‍ക്ക് കൂടുതല്‍ ഗതാഗതസൌകര്യങ്ങള്‍ അത്യന്താപേക്ഷിതമാണ്. വിദേശയാത്രകള്‍ക്കായി പഞ്ചായത്ത് നിവാസികള്‍ ആശ്രയിക്കുന്നത് ഏറ്റവും അടുത്ത വിമാനത്താവളമായ നെടുമ്പാശ്ശേരി വിമാനത്താവളത്തെയാണ്. കോട്ടയം റെയില്‍വേ സ്റ്റേഷനാണ് പഞ്ചായത്തിന്റെ ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍. തുറമുഖമെന്ന നിലയില്‍ കൊച്ചി തുറമുഖമാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്തുള്ളത്. തൊടുപുഴ ബസ് സ്റ്റാന്റ് പഞ്ചായത്തിലെ റോഡുഗതാഗതം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സ്ഥലം ആണ്. പഞ്ചായത്തിലെ പ്രധാന വ്യാപാരകേന്ദ്രങ്ങളാണ് പുത്തന്‍പള്ളി ജംഗ്ഷന്‍, നെല്ലാപ്പാറ, കരിങ്കുന്നം എന്നീ സ്ഥലങ്ങള്‍. നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. മൂരിപ്പാറ ദേവീക്ഷേത്രം, ശാസ്താംപാറ അയ്യപ്പക്ഷേത്രം, കരിമ്പനക്കാവ് ദുര്‍ഗ്ഗാദേവീ ക്ഷേത്രം, ചക്കുളംമല ദേവീക്ഷേത്രം, ഭജനമഠം സുബ്രഹ്മണ്യ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളും സെന്റ് ജോസഫ് ചര്‍ച്ച്, സെന്റ് പീറ്റേഴ്സ് ചര്‍ച്ച്, ലിറ്റില്‍ഫ്ലവര്‍ ചര്‍ച്ച്, സെന്‍റ് അഗസ്റ്റ്യന്‍സ് ചര്‍ച്ച് തുടങ്ങിയ ക്രിസ്ത്യന്‍ ദേവാലയങ്ങളും തയ്ക്കാവ് നമസ്കാര മുസ്ലീംപള്ളിയും പഞ്ചായത്തിന്റെ അങ്ങിങ്ങായി സ്ഥിതി ചെയ്യുന്നു. ഈ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന ഉത്സവം, പെരുന്നാള്‍, പള്ളിപെരുന്നാള്‍ എന്നീ വിവിധ ആഘോഷപരിപാടികള്‍ ഈ നാടിന്റെ സാംസ്കാരികതനിമ വിളിച്ചോതുന്നവയാണ്. സ്വാതന്ത്ര്യസമരസേനാനികളായ ഇ.സി.ഉലഹന്നാന്‍, മുല്ലശ്ശേരി ജോണ്‍, ശങ്കരന്‍ കുറ്റിയാനിക്കല്‍ എന്നിവരും ഗാനരചയിതാവായ കരിങ്കുന്നം ചന്ദ്രനും ഈ നാടിന്റെ മണ്‍മറഞ്ഞുപോയ പ്രതിഭകളാണ്. കരിങ്കുന്നത്തെ ക്ലബ്ബും പൊന്നന്താനത്തെ വായനാശാലയും ഈ പഞ്ചായത്തിലെ സാംസ്കാരികസ്ഥാപനങ്ങളാണ്. ആരോഗ്യപരിപാലനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തിനകത്തുണ്ട്. ഗവ:ആയുര്‍വ്വേദ ഡിസ്പെന്‍സറി, ഗവ.ഹോമിയോ ആശുപത്രി എന്നിവ ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു. കൂടാതെ പി.എച്ച്.സി യുടെ ഒരു സബ് സെന്റര്‍ കരിങ്കുന്നത്ത് സ്ഥിതിചെയ്യുന്നു. കൂടാതെ പഞ്ചായത്തിന്‍റെ മാലിന്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ ഹരിതകര്‍മ്മ സേനയും സേനയ്ക്ക് വേസ്റ്റ് മാനേജ് മെന്റിനായി ഗ്രാമപഞ്ചായത്ത് ഉടമസ്ഥതയില്‍ വാഹനവും ഉണ്ട് . രോഗി പരിപാലനത്തിനായി ഗ്രാമപഞ്ചായത്ത് ഉടമസ്ഥതയില്‍ ആമ്പുലന്‍സും നിലവിലുണ്ട്.